27/10/2017
കോഴികള്‍ക്ക് സമീകൃതാഹാരം ശാസ്ത്രീയവശങ്ങള്‍:-
കോഴിവളര്‍ത്തലിന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരുഘടകമാണ് കോഴിത്തീറ്റ. ഗവേഷണങ്ങളിലൂടെ 40ല്‍പ്പരം വ്യത്യസ്ത പോഷകങ്ങള്‍ കോഴിത്തീറ്റയില്‍ അടങ്ങിയിരിക്കണമെന്ന് കണ്ടിരിക്കുന്നു.മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് കോഴികളെ വളര്‍ത്തുന്നത്.
ഇവയ്ക്കുള്ള പോഷകങ്ങളെ ജലം, മാംസ്യം, കൊഴുപ്പ്, ധാന്യങ്ങള്‍, അസംസ്കൃത നാര്, ധാതുക്കള്‍ എന്നിങ്ങനെ ആറായി വിഭജിക്കുന്നു. കൂടാതെ ജീവകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.
തീറ്റയുടെ കാര്യത്തില്‍ കോഴികള്‍ പ്രത്യേക സ്വഭാവമുള്ളവരാവരാണ്. അവര്‍തന്നെ തീറ്റയുടെ അളവ് നിശ്ചയിക്കും. 40 ആഴ്ചവരെ പ്രായമുള്ള മുട്ടക്കോഴികളിലാണ് ഈ കഴിവ് പരമാവധി കാണുന്നത്. ഒരു കോഴി ശരാശരി 300 കി.കലോറി ഊര്‍ജം അകത്താക്കുന്നു. ഒരുകിലോ ഗ്രാം തീറ്റയില്‍ 3000 കി. കലോറി ഉപാപചയ ഊര്‍ജം ഉണ്ടെങ്കില്‍ അവ 100 ഗ്രാം തിന്നുന്നു. 2700 കി. കലോറി ആണെങ്കില്‍ അവ 111 ഗ്രാം തിന്നുന്നു. ഈ നിയമം ഒരുപരിധിവരെ ശരിയാണ്.
മുട്ടയിടുന്ന ഒരു കോഴിക്ക് ഏകദേശം മൂന്നു ഗ്രാം കാത്സ്യം കിട്ടണം. കാത്സ്യവും, ഫോസ്ഫറസും, ജീവകം 'ഡി'യുംകൂടി വേണം. ഇവ ശരിയായ അനുപാതത്തില്‍ ഉണ്ടെങ്കില്‍ ആഗിരണം ശരിയായ രീതിയില്‍ നടക്കും.
ജീവകം 'ഡി' ആഗീരണത്തിന് സഹായിക്കുന്നു. കോഴികള്‍ തോല്‍മുട്ടയിടുന്നതും ഘനംകുറഞ്ഞ തോലുള്ള മുട്ടയിടുന്നതും പ്രധാനമായും ഈ മൂന്ന് ഘടകങ്ങളുടെ തകരാറുമൂലമാണ്. ഒരു മുട്ടയില്‍ ഏകദേശം രണ്ടു ഗ്രാം കാത്സ്യം ഉണ്ട്. കക്ക പൊടിച്ച് കൂട്ടില്‍ ഒരുസ്ഥലത്ത് മണ്‍ചട്ടിയിലോ, മറ്റു പാത്രങ്ങളിലോ വച്ചുകൊടുക്കാം. മുട്ടത്തോടുതന്നെ പൊടിച്ചുകൊടുക്കുന്നതും നല്ലത്.
അടച്ചിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ജീവകം ഡി-3 തീറ്റയില്‍ കൊടുക്കണം.
സസ്യജന്യതീറ്റ സാധനങ്ങളുടെ ഫോസ്ഫറസ്, ജീവകം ഡി-2 എന്നിവ ചുരുങ്ങിയതോതില്‍ മാത്രമേ കോഴികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. വളരെ ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമായ (സൂക്ഷ്മ മൂലകങ്ങള്‍) മാംഗനീസ്, സിങ്ക്, അയോഡിന്‍, ഇരുമ്പ്്, ചെമ്പ് എന്നിവയും പ്രധാന്യം അര്‍ഹിക്കുന്നു. ഇവയുടെ അഭാവംകൊണ്ട് വെറോസിസ്, ഗോയിറ്റര്‍, വിളര്‍ച്ച, മുട്ട വിരിയാതിരിക്കുക എന്നിവ കാരണമാകും.
* കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ധാതുലവണ മിശ്രിതം തീറ്റയില്‍ നല്‍കണം.
* കന്നുകാലികളുടെ ധാതുമിശ്രിതം കോഴികള്‍ക്ക് കൊടുക്കരുത്.
* കോഴിത്തീറ്റയില്‍ 0.5 ശതമാനം കറിയുപ്പ് ചേര്‍ക്കരുത്.
* കന്നുകാലികളുടെ ധാതുമിശ്രിതത്തില്‍ ഫോസ്ഫറസ് കോഴികളുടേതിനെക്കാള്‍ കൂടുതലും കാത്സ്യം കുറവുമാണ്. മാംഗനീസിന്റെ അളവിലും വ്യത്യാസമുണ്ട്.
* കോഴിത്തീറ്റയില്‍ ശരിയായ അളവില്‍ ഉപ്പുചേര്‍ക്കണം.
*കുടിക്കാനുള്ള വെള്ളം 24 മണിക്കൂറും ലഭ്യമാക്കണം.
* മനുഷ്യര്‍ക്ക് ആവശ്യമുള്ള ജീവകങ്ങളില്‍ 'ജീവകം-സി' ഒഴിച്ച് എല്ലാംതന്നെ കോഴികള്‍ക്ക് ആവശ്യമാണ്.
* ജീവകം 'എ, ബി-2, ഡി-3 ഇവയുടെ കുറവു നികത്താന്‍ അരി, തവിട്, ഗോതമ്പ് തവിട് എന്നിവ നല്‍കാം.
* മത്സ്യത്തിലും പച്ചിലകളിലും ധാരാളം ജീവകം അടങ്ങിയിട്ടുണ്ട്. ഇവ നല്‍കണം. തമ്മില്‍ കൊത്തുന്നത് ഒഴിവാക്കാം. പുല്ല്, ചീര എന്നിവ മുകളില്‍ കെട്ടിയിട്ട് നല്‍കുന്നതുവഴി തമ്മില്‍ കൊത്തുന്നത് ഒഴിവാക്കാം.
* വെള്ളം കുടിക്കുന്നത് 15 മുതല്‍ 20 മിനിറ്റ് ഇടവിട്ടാണ്.
* തീറ്റയുടെ മൂന്നിരട്ടി വെള്ളം കോഴികള്‍ക്ക് നല്‍കണം. കാലത്ത് തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുന്നത് നല്ലത്.
* മുട്ട-മാംസം ഉല്‍പ്പാദന കോഴികള്‍ക്ക് വേണ്ടുന്ന പരിരക്ഷ ഒരു പക്ഷെ തീറ്റയെക്കാള്‍ വെള്ളവും ആകാം.
* കോഴികള്‍ക്ക് വേണ്ട ധാതുലവണങ്ങളും, തീറ്റയും തെരഞ്ഞെടുക്കല്‍ ആദായകരമായ കോഴിവളര്‍ത്തലിന് സഹായിക്കും.